Monday, November 22, 2010

എഴുത്ത് നിറുത്തുന്നതിനെ പറ്റി...

എഴുത്ത് നിര്‍ത്തിയ
പെണ്മക്കളെ പറ്റി അമ്മമാര്‍ക്ക് പറയാനുള്ളത്...

"എഴുത്ത് നിര്‍ത്തിയത് നന്നായി!
ഇനിയെങ്കിലും ആയുള്ള സമയം
നാഴികമണികളില്‍ നിന്നകന്നു പോകുന്ന
സമയത്തെപ്പറ്റി  നീ ചിന്തിക്കുമല്ലോ?
തിളച്ചു തൂവുന്ന സാമ്പാറില്‍
ഇനിയും  വറൂത്തിടാത്ത കടുകിനെ പറ്റിയും
മുളക് തേച്ചു പിടിപ്പിച്ചു
മറന്നു വെച്ച കരിമീനിനെ പറ്റിയും
തുറന്നിട്ടടയ്ക്കാതെ പോയതിനാല്‍
പാഴായിപ്പോയ വെള്ളത്തെ പറ്റിയും
നിന്നെ പറ്റിയെങ്കിലും
നീ ചിന്തിക്കുമല്ലോ?"
---------------------------------------------------------------------
"എന്റെ അമ്മേ!
തിളച്ചു തൂവിയിട്ടും
കടുക് വറുത്തിടാന്‍ ആരാനും
മറന്നു പോയതിനാലും
മുളക് തേച്ചു വെച്ചു
കടന്നു  പോയതിനാലുമാണ്!
തുറന്നിട്ടടയ്ക്കാതെ പോയതിനാലാണ്!
എഴുതിയതും ഇപ്പോള്‍
എഴുത്ത് നിര്‍ത്തിയതും..."
-----------------------------------------------------------
എഴുത്ത് നിര്‍ത്തിയ എന്നോട്
എനിക്ക് തന്നെ പറയാനുള്ളത്...

"ഇനിയെങ്കിലും ആയുള്ള സമയം
മരങ്ങളില്‍ നിന്നടര്‍ന്നു വീഴുന്ന
ഇലകളെ പറ്റിയും,
കനം കുറഞ്ഞു പോയത് കൊണ്ടു മാത്രം
ഒച്ചയുണ്ടാക്കാതെ പോയ,
കവിതയില്‍ നിന്ന് പുറത്തായ
കാലഹരണപ്പെട്ട വാക്കുകളെ പറ്റിയും,
അതില്‍ നിന്നടര്‍ന്നു വീണ
എന്നെ പറ്റിയെങ്കിലും
ഞാന്‍ ചിന്തിക്കുമല്ലോ!"
---------------------------------------------------------------------------------

Monday, November 15, 2010

രണ്ട്‌ സമം ഒന്ന്

മഴ മിന്നലില്‍ നിന്നടര്‍ന്നു
വീണതു പോലെയോ,
മിന്നല്‍ മഴയിലൂടുതിര്‍ന്നു
വീണതു പോലെയോ,
എതെന്തെന്നറിയാത്ത-
യൊരു നിമിഷത്തിലാണ്
രണ്ടു വന്‍കരകളിലൂടെ,
സമാന്തരമായൊരു പുഴ
കരകവിഞ്ഞൊഴുകിയത്;
നനഞ്ഞുണങ്ങിത്തുടങ്ങി-
യിടത്ത് വളര്‍ന്നു, പടര്‍ന്ന്
ഒരു പുല്മേടുണ്ടായി.
മേഞ്ഞിട്ടും മേഞ്ഞിട്ടും
തീരാതെ,
കയറ്റവും ഇറക്കവുമായി
ദൂരേയ്ക്ക്, ദൂരേയ്ക്ക്...
ഇടയില്‍ രണ്ടൊറ്റമരങ്ങള്‍,
ഇലകള്‍ വിരിച്ചു,
വേരു പടര്‍ത്തി,
എത്തിപ്പിടിക്കാനാവും,
വല്ലാതെ വിയര്‍ക്കുന്നു...
മഴയൊഴിഞ്ഞിട്ടും
ഓര്‍മയില്‍
പെയ്തു കൊണ്ടേയിരിക്കുന്നു...