Wednesday, December 17, 2014

എത്ര മഴക്കാടുകൾ താണ്ടിയതാണെന്ന്...

ഇറങ്ങേണ്ടിയിരുന്നില്ലീ
മഴയിലേക്കെന്നു
ചുരുണ്ടു മുരളുന്നു
കോണിച്ചോട്ടിൽ
നനഞ്ഞൊലിച്ചൊരു
പൂച്ചക്കുഞ്ഞ്...

കുട നിവർത്തി
മഴ തെറിപ്പിച്ച്
വെള്ളക്കെട്ടുകൾ
കവച്ച്, നടന്നു പോകുമ്പോൾ,
എത്ര മഴക്കാടുകൾ താണ്ടിയ-
താണെന്നടക്കം പറഞ്ഞു
ചിതറുന്നൂ,
നിന്റെ വെയിൽക്കണ്ണുകൾ.

Sunday, September 21, 2014

നീയുറങ്ങുമ്പൊഴസ്തമിക്കുന്നു സൂര്യൻ!
കാറ്റു വീശി, നിലാവു ചൊരിഞ്ഞെന്റെ
പകലുറങ്ങുന്നു!
പേരറിയാത്തയത്ര പൂക്കൾ
പൂത്തു, ചോന്നുചോന്നെന്റെ സന്ധ്യകൾ!
നിന്റെ പകലുദിക്കുന്ന രാത്രികൾ!

ഇങ്ങനല്ലാതെങ്ങനുറങ്ങാ-
നെഴുന്നേൽക്കാ-
നൊരുമിച്ചു നമ്മൾ,
ഞാനല്ലെങ്കിൽ നീയോടിയെത്തി
നമ്മളുമ്മവയ്ക്കും വരെ?


Tuesday, April 8, 2014

രാവുകൾ, പകലുകൾ 
നാലായും നാല്പതായും 
നീയില്ലാതെയും 
വന്നു പോകുന്ന 
പ്രളയമാണോരോ മഴയും;

പ്രാണന്റെ പച്ചില തേടി 
കുറുകുന്നു പ്രാവുകൾ.

Friday, February 14, 2014

നിൻറെ മഴയിലെന്റെ-
യിലഞരമ്പുകളിൽ
പിടഞ്ഞു പായുന്നു  മിന്നലുകൾ.

വേരോളമുലഞ്ഞ്
സൂര്യനെ നോക്കുന്നു,
പുലരിയിലൊരു കൗതുകം.