Sunday, September 23, 2018

ഒരു പക്ഷിയുപേക്ഷിച്ച തൂവൽ

വെയിൽ
പൊട്ടിത്തെറിക്കുന്നു...
മരച്ചോട്ടിൽ
വിയർത്തിരിക്കുന്ന
കുട്ടിയുടെ കൗതുകം...
പച്ചില
പഴുത്തില
കരിയില
ഒരു പക്ഷി-
യുപേക്ഷിച്ച
തൂവൽ.

Tuesday, January 31, 2017

എന്റെ മാത്രം എന്റെ മാത്രം ഏകാന്തതകൾ


മതിൽക്കെട്ടും പടികളുമെന്നിങ്ങനെ-
യാടയലങ്കാരങ്ങളുള്ള,
ഒഴുക്കില്ലാത്തൊരു കുളത്തിലെ,
ഒറ്റയ്‌ക്കൊരു മത്സ്യത്തിന്റെ,
ഒരു തുണ്ടാകാശം നോക്കിയുള്ള
പിടച്ചിലുകൾ.
പുറമേയ്ക്കായിരം കളം വരച്ച്
ആഴങ്ങളിലേക്കൂളിയിടലുകൾ.
ആകാശനീലയാകെ ചിതറിച്ച്
ചില കുതിച്ചുയരലുകൾ.

എന്റെ മാത്രം എന്റെ മാത്രം ഏകാന്തതകൾ.


Monday, January 25, 2016

...


വാക്കുകൾ മെരുക്കിയെടുത്ത്
നിനക്ക് കവിതയൊരുക്കുന്ന
മന്ത്രവാദിനിയാകാനാണ്
തണുത്ത രാത്രികളിൽ
വിളക്ക് തെളിച്ചു ഞാനു-
ണർന്നിരിക്കുന്നത്.

വാക്കുകൾ!
നോവിന്റെ വരണ്ട
ഗർഭത്തിൽ നിന്ന്
വിരൽ വഴുതിയിറങ്ങി
നീലജലം തൊടാനായുന്നവ,
വാക്കുകൾ!

Wednesday, October 28, 2015

ഓർമകളിലില്ലാത്തത്, മറവികളിലും...

പച്ച പാവാടകളും ചുവന്ന റിബണുകളും
കുപ്പിവളപ്പൊട്ടുകളും
സ്വപ്നത്തിൽ വന്നെറിഞ്ഞിട്ടു
പോകാനായി മാത്ര-
മൊരു യാത്രയിലേയ്ക്ക്‌
കയറി വരുന്ന
പഴയ കൂട്ടുകാരിയെപ്പോലെ...

ഇനിയൊരിക്കൽ വേണ്ടിവരാത്തത്,
അടുക്കിയൊതുക്കുമ്പോ-
ളെറിഞ്ഞു കളഞ്ഞാലു-
മില്ലെങ്കിലുമിനിയൊന്നു-
മില്ലാത്തത്;
കാണുമ്പോൾ,
കണ്ണ് തുറക്കുമ്പോൾ മാത്രം
ചിലതൊക്കെ ഓർമിപ്പിക്കുന്നത്‌...

ഓർമ്മകൾക്കും മറവികൾക്കു-
മിടയ്ക്കോർക്കാതെയും മറക്കാതെയും
ചിലയലമാരകളുടെ-
യങ്ങേ മൂലയ്ക്കൊതുക്കി
വച്ചിരിക്കുന്ന ചിലതുണ്ട്.

Wednesday, September 9, 2015


നമ്മൾ മറന്നു പോയ വാക്കുകളൊക്കെ
എവിടെപ്പോയാവും ഒളിക്കുന്നുണ്ടാവുക?
ഓർമയിലില്ലാത്ത മുഖങ്ങൾ?




ഇടയ്ക്കിങ്ങനെ ചില മഴ പെയ്യുമ്പോൾ,
കണ്ടിരിക്കുമ്പോൾ,
പല നിറങ്ങളിലുള്ള 
കുടകൾക്കരികിലൂടെ -
യൂർന്നിറങ്ങിയവരിങ്ങനെ-
യിടിമിന്നലുകളുട-
കമ്പടിയോടെ
കടന്നു വരുമ്പോഴൊരു
കൗതുകപ്പച്ച...

എവിടെയായിരുന്നീ-
യിട്ടാവട്ടത്തിലിത്ര നാൾ?

Friday, July 3, 2015

ചില രാത്രികൾ...

മഴയില്ല 
കാറ്റില്ല 
കാതു കൂർപ്പിച്ചു 
വെറുതെ കേട്ടു കിടക്കാ-
നൊന്നുമില്ലാത്ത രാത്രി. 
കണ്ണടച്ചു കിടന്നാൽ കേൾക്കാം,
നീ വിളിക്കുന്നൊരായിരം പേരുകൾ.
കണ്ണുകൾ പാതിയടച്ച്‌ 
നിന്നെയെന്നിലേക്ക-
ടുപ്പിക്കുമ്പോൾ മാത്രം 
നീ വിളിക്കുന്നത്‌.
പല രാത്രികളിങ്ങനു-
റങ്ങാതിരുന്നോർ-
ത്തെടുക്കുന്ന 
ചില രാത്രികൾ... 

Monday, April 13, 2015

സമയദൂരം

ഭൂതകാലത്തെയടക്കം ചെയ്ത
വാക്കുകൾ,
തണുത്ത കാറ്റിൽ
ജനൽവിരികൾ നീക്കി വന്ന്,
വിരലുകൾ തൊടുന്നു.
എഴുത്തിലും പിടി തരാതെ
കുതറി,
ഓർമ്മകൾ
കാടു കയറുന്നു.
നിന്റെ ഭ്രാന്തോളമില്ലൊരു
കടലുമെന്നാർത്തൊരു
തിര വന്നു
കാലു മൂടുന്നു.

നിന്റെ പകൽ ചാരാൻ
നിന്നോളമോടിയെത്താ-
നൊരു  വഴിയുമില്ലാതൊ-
ടുവിലൊരു
രാത്രി കരയുന്നു.